സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, സർക്കാർ സംവിധാനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനും, അഴിമതി തുടച്ചുനീക്കാനും വേണ്ടിയുള്ളതാണ് വിവരാവകാശ നിയമം. എന്നാൽ, ഇതേ നിയമത്തെ ഒരു സാമൂഹവിരുദ്ധൻ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടക്കുന്ന ചില സംഭവങ്ങൾ.
ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന വ്യാജേന, ഒരു വേഷമിട്ട ചെന്നായ, നിയമത്തെയും ജനസേവനത്തെയും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണ്.
ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലിൽ വളരുന്ന ഈ പരാദം പാർട്ടിയുടെ കൊടിയും പേരും ഉപയോഗിച്ച് സ്വന്തം കീശ നിറയ്ക്കാൻ വേണ്ടി കണ്ടെത്തിയിരിക്കുന്ന മാർഗ്ഗം ലളിതവും എന്നാൽ വളരെ അപകടകരവുമാണ്.
തട്ടിപ്പിന്റെ രീതി
ഒന്നാം ഘട്ടം - ഇരയെ കണ്ടെത്തൽ
സർക്കാർ ഓഫീസുകളിൽ നിന്ന് (പ്രത്യേകിച്ച് വില്ലേജ്, താലൂക്ക്, മുനിസിപ്പാലിറ്റി ഓഫീസുകൾ) ഏതെങ്കിലും തരത്തിലുള്ള സേവനം (ഉദാഹരണത്തിന് ഒരു കെട്ടിട നിർമ്മാണ അനുമതി, ഒരു സംരംഭം തുടങ്ങാനുള്ള ലൈസൻസ്) നേടിയെടുക്കുന്ന സാധാരണക്കാരെയും സംരംഭകരെയും ഇയാൾ ആദ്യം തിരിച്ചറിയുന്നു. ഇതിന് ഇയാൾക്ക് ഒത്താശ ചെയ്യുന്ന ചില സർക്കാർ ഉദ്യോഗസ്ഥരും ഉണ്ട്.
രണ്ടാം ഘട്ടം - വിവരാവകാശം എന്ന കെണി
ഇരയെ കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, ഇയാൾ തന്റെ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. സർക്കാർ ഓഫീസുകൾക്കുള്ളിലെ തന്റെ ശൃംഖലകൾ വഴി ഏത് ഫയലിലാണ് തനിക്ക് പിടിക്കാനുള്ള പഴുതുകൾ ഉള്ളതെന്ന് ഇയാൾക്ക് കൃത്യമായി അറിയാം.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇരയ്ക്ക് അനുകൂലമായി സർക്കാർ ഓഫീസുകളിൽ നിന്ന് അനുവദിച്ചു കിട്ടിയ എല്ലാ ഉത്തരവുകളും വിവരാവകാശ നിയമപ്രകാരം ഇയാൾ സമ്പാദിക്കുന്നു.
ആദ്യം വഴങ്ങാത്ത, ബാക്കി 10% ആളുകൾക്കെതിരെയാണ് ഇയാൾ തന്റെ യഥാർത്ഥ യുദ്ധം തുടങ്ങുന്നത്. "പ്രസ്തുത വ്യക്തിക്ക് ഈ അനുമതി നൽകിയത് എന്ത് അടിസ്ഥാനത്തിലാണ്?", "ഈ ഉത്തരവ് നിയമവിരുദ്ധമാണ്, ഇത് പുനഃപരിശോധിക്കണം" എന്ന് തുടങ്ങി മേലുദ്യോഗസ്ഥർക്കും വിജിലൻസിനും വരെ ഇയാൾ പരാതികൾ നൽകുന്നു. ഇരയുടെ പ്രോജക്ട് നിയമക്കുരുക്കിൽ പെടുത്തി പൂർണ്ണമായും മരവിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വിജിലൻസ് സംവിധാനം പോലും ഇയാളുടെ തട്ടിപ്പിന് മുന്നിൽ വെറും കരുക്കളായി മാറുന്ന ദയനീയ കാഴ്ചയാണിവിടെ. അഴിമതി കണ്ടെത്താനല്ല, മറിച്ച് ഒരാളെ സമ്മർദ്ദത്തിലാക്കി പണം പിടുങ്ങാൻ വിജിലൻസിനെ ഇയാൾ ആയുധമാക്കുന്നു.
മൂന്നാം ഘട്ടം - ഭീഷണിപ്പെടുത്തൽ
തുടർന്ന്, അതേ വ്യക്തിയെ ഇയാൾ രഹസ്യമായി സമീപിക്കുന്നു. താൻ നൽകിയ പരാതി പിൻവലിക്കണമെങ്കിൽ, അല്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ട് പോകാതിരിക്കണമെങ്കിൽ, ഇയാൾ ഒരു തുക ആവശ്യപ്പെടുന്നു.
സർക്കാർ ഓഫീസുകളിൽ ഉണ്ടാകാൻ പോകുന്ന കാലതാമസത്തെക്കുറിച്ച് ഭയപ്പെടുന്ന പല സംരംഭകരും സാധാരണക്കാരും, ഗത്യന്തരമില്ലാതെ ഇയാൾ ആവശ്യപ്പെടുന്ന പണം നൽകാൻ നിർബന്ധിതരാകുന്നു.
ഇതിനെ പിടിച്ചുപറി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? ഇത് ഇരിങ്ങാലക്കുടയുടെ വ്യാവസായിക അന്തരീക്ഷത്തെയും സംരംഭകത്വ മോഹങ്ങളെയും നശിപ്പിക്കുകയാണ്.
കേസ് ഒത്തുതീർപ്പാക്കൽ
താൻ തുടങ്ങാനിരുന്ന സംരംഭമോ അല്ലെങ്കിൽ നിയമപരമായി നേടിയെടുത്ത അവകാശമോ തടസ്സപ്പെട്ടു കിടക്കുന്നത് കണ്ട് ഇയാളുടെ ഭീഷണിക്ക് ഇവർ വഴങ്ങുന്നു. പണം കൈമാറുന്ന ആ നിമിഷം, അതുവരെ അഴിമതിക്കെതിരെ പോരാടിയ ഈ രാഷ്ട്രീയ നേതാവിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നു.
താൻ ഉന്നയിച്ച പരാതിയിൽ ഇനി തുടർപരാതികളുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് ഇയാൾ ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം എഴുതി നൽകുന്നു.
ഇയാളുടെ ഭീഷണിക്ക് വഴങ്ങി പണം നൽകേണ്ടി വന്ന ഒരാളുടെ വെളിപ്പെടുത്തലാണ്, ഇയാളുടെ മറ്റു ഇരകളിലേക്കും ഈ ക്രിമിനൽ പ്രവൃത്തികളിലേക്കും വഴിതെളിച്ച ഈ അന്വേഷണത്തിന് ആധാരം.
തെളിവുകൾ
തുടർന്ന് നടത്തിയ പരിശോധനയിൽ, ഈ തട്ടിപ്പിന്റെ കൃത്യമായ പേപ്പർ ട്രയൽ കണ്ടെത്താൻ കഴിഞ്ഞു:
- വ്യക്തികൾക്കും സംരംഭങ്ങൾക്കും എതിരായി ഇയാൾ നൽകിയിട്ടുള്ള വിവരാവകാശ അപേക്ഷകൾ.
- അതിനെ പിൻപറ്റി അതേ വിഷയത്തിൽ ഇയാൾ നൽകിയിട്ടുള്ള പരാതികൾ.
- ഏറ്റവും നിർണ്ണായകമായി, ആവശ്യപ്പെട്ട പണം ലഭിച്ചു കഴിഞ്ഞപ്പോൾ അതേ പരാതികളിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് ഒപ്പിട്ടു നൽകിയ രേഖകൾ.
ഒരു പരാതി ഉന്നയിക്കുക, അതിൽ സാമ്പത്തിക ലാഭം ഉണ്ടാക്കുക, തുടർന്ന് ആ പരാതി പിൻവലിക്കുക – ഈയൊരു മാതൃക ഇയാളുടെ എല്ലാ തട്ടിപ്പുകളിലും വ്യക്തമായി കാണാൻ സാധിക്കും.
തിരശ്ശീലയ്ക്ക് പിന്നിലെ കറുത്ത കോട്ടുകളും ലഹരിയും
ഈ ക്രിമിനൽ ശൃംഖലയുടെ നെടുംതൂൺ ഈ കപട രാഷ്ട്രീയക്കാരൻ ആണെങ്കിലും ഇതിന് നിയമപരമായ ഉപദേശങ്ങളും ഒത്താശയും നൽകാൻ ചില മുതിർന്ന അഭിഭാഷകർ കൂടെയുണ്ട്. നിയമം എങ്ങനെ വളച്ചൊടിക്കാം എന്നും, ഇരകളെ എങ്ങനെ കുരുക്കാം എന്നും ഇയാൾക്ക് നിർദ്ദേശം നൽകുന്നത് ഇവരാണ്. എന്നാൽ സ്വന്തം പേര് ഈ ക്രിമിനൽ പ്രവർത്തനങ്ങളിൽ വലിച്ചിഴക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കുന്ന ഇവർ, പണം കൈപ്പറ്റാൻ ഉപയോഗിക്കുന്നത് തങ്ങളുടെ ജൂനിയർ വക്കീലന്മാരുടെ പേരുകളാണ്. മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഈ വക്കീലന്മാരാണ് ഈ സാമൂഹവിരുദ്ധന് വളം വെച്ചു കൊടുക്കുന്നത്.
ഇവർക്ക് പുറമെ, മറ്റു ജോലിക്കൊന്നും പോകാത്ത, മയക്കുമരുന്നിനും ഗുണ്ടായിസത്തിനും താൽപര്യമുള്ള ഒരുപറ്റം യുവാക്കൾ ഇയാളുടെ കൂട്ടാളികളാണ്. ലഹരി ഉപയോഗിക്കാൻ എളുപ്പത്തിൽ പണം കണ്ടെത്താവുന്ന മാർഗ്ഗമായി ഇവർ ഈ തട്ടിപ്പിനെ കാണുന്നു. രാഷ്ട്രീയപ്രവർത്തകൻ എന്ന ലേബലിൽ വരും തലമുറയെക്കൂടി ഇയാൾ തന്റെ ക്രിമിനൽ സംഘത്തിൽ ചേർത്ത് നശിപ്പിക്കുകയാണ്.
രാഷ്ട്രീയത്തിന്റെ പരിച
ഇയാളുടെ രാഷ്ട്രീയപ്രവർത്തകൻ എന്ന ഈ ലേബൽ തന്നെയാണ് ഈ തട്ടിപ്പുകൾക്ക് മറയായി ഉപയോഗിക്കുന്നത്. ഒരു പ്രമുഖ പാർട്ടിയുടെ നേതാവായി സ്വയം അവതരിപ്പിക്കുന്നതിലൂടെ ഇയാൾ രണ്ട് കാര്യങ്ങൾ നേടുന്നു:
ഒന്ന്, ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നു. രാഷ്ട്രീയ നേതാവ് എന്ന നിലയിൽ, ഉദ്യോഗസ്ഥർക്ക് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്താനും, തനിക്കെതിരെ നടപടി എടുത്താൽ ഭീഷണികൾ മുഴക്കാനും ഇയാൾക്ക് സാധിക്കുന്നു. ഇത് ഇയാളുടെ പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു.
രണ്ട്, സമൂഹത്തിൽ സ്വീകാര്യത നേടുന്നു. ഇയാൾ നൽകുന്ന പരാതികൾ ഒറ്റനോട്ടത്തിൽ "അഴിമതിക്കെതിരായ പോരാട്ടം" എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. പൊതുപ്രവർത്തകന്റെ ഈ മുഖംമൂടി അണിയുന്നതുകൊണ്ട് ഇയാളുടെ യഥാർത്ഥ ക്രിമിനൽ ഉദ്ദേശ്യങ്ങൾ പൊതുജനം തിരിച്ചറിയുന്നില്ല.
നാടിനെ മരവിപ്പിക്കുന്ന രാഷ്ട്രീയ അജണ്ട
ഈ വ്യക്തിയുടെ പ്രവർത്തനങ്ങൾ കേവലം പണ സമ്പാദനത്തിൽ ഒതുങ്ങുന്നില്ല. അതിലും വലിയ, വിഷലിപ്തമായ ഒരു അജണ്ട ഇതിന് പിന്നിലുണ്ട്.
ഇയാളുടെ പ്രധാന ലക്ഷ്യം "ഈ നാട് പരാജയപ്പെട്ടു" എന്ന് വരുത്തിത്തീർക്കുകയാണ്. ഒരു സംരംഭകൻ ഇവിടെ വന്ന് പരാജയപ്പെട്ട് മടങ്ങുമ്പോൾ, ഇയാൾ പണം മാത്രമല്ല നേടുന്നത്, ഈ സംവിധാനം പരാജയമാണ് എന്ന് തെളിയിക്കാനുള്ള ഒരു സാക്ഷ്യപത്രം കൂടിയാണ്. ഇരിങ്ങാലക്കുടയിൽ എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും തുടങ്ങാനുള്ള അനുവാദം വാങ്ങിയാൽ അവിടെ ഇയാളുടെ കൈ എത്തും. ഇയാൾക്ക് കപ്പം കൊടുക്കാതെ ഇവിടെ ഒരു സംരംഭവും പച്ച പിടിക്കില്ല എന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഇയാൾ ഒരേസമയം തീയിടുകയും, അയ്യോ തീ പിടിച്ചേ എന്ന് ആളെക്കൂട്ടി നിലവിളിക്കുകയും ചെയ്യുന്നു. ഇയാൾ തന്നെ മുൻകൈയെടുത്ത് നാടിന്റെ വികസനം മുടക്കുന്നു. എന്നിട്ട്, രാഷ്ട്രീയ പൊതുയോഗങ്ങളിൽ, ഈ നാട്ടിൽ ഒരു വികസനവും നടക്കുന്നില്ല എന്ന് ഇയാൾ തന്നെ മൈക്കിന് മുന്നിൽ നിന്ന് പ്രസംഗിക്കുന്നു.
നിയമപാലകർ കണ് തുറക്കണം
ഇതൊരു സാധാരണ തട്ടിപ്പല്ല, മറിച്ച് നാടിന്റെ വികസനത്തെയും സമാധാനത്തെയും തകർക്കുന്ന സംഘടിത കുറ്റകൃത്യമാണ്. പണ്ട് ബോംബെയിലും വടക്കൻ നഗരങ്ങളിലും ക്രിമിനൽ സംഘങ്ങൾ ഗൺ പോയിന്റിൽ പണം തട്ടിയിരുന്നതിന്റെ പരിഷ്കൃതമായ, 'വൈറ്റ് കോളർ' പതിപ്പാണിത്. ഇവിടെ തോക്കിന് പകരം ഉപയോഗിക്കുന്നത് വിവരാവകാശ നിയമമാണെന്ന് മാത്രം.
ജനനന്മയ്ക്ക് വേണ്ടിയുള്ള ഒരു മഹത്തായ നിയമത്തെയാണ് ഇയാൾ പണമുണ്ടാക്കാനുള്ള ആയുധമാക്കി മാറ്റുന്നത്. ഇത് യഥാർത്ഥ വിവരാവകാശ പ്രവർത്തകരെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്നു.
അതുപോലെ തന്നെ, ഇയാൾ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ യഥാർത്ഥ പ്രവർത്തകർക്കും നേതാക്കൾക്കും ഇത്തരം കളങ്കങ്ങൾ വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത്. ഇങ്ങനെയുള്ള വ്യാജ നേതാക്കന്മാരെ തിരിച്ചറിഞ്ഞ്, അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ആർജ്ജവം കാണിക്കണം. ജനസേവനത്തിന്റെ പേരിൽ നടക്കുന്ന ഈ ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തൃശ്ശൂർ റൂറൽ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS-ന്റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണം. ഈ വൻ ക്രിമിനൽ നെറ്റ്‌വർക്ക് നിയമത്തിനു മുന്നിൽ കൊണ്ടുവരാനും, സാധാരണക്കാർക്ക് ഇവിടെ സമാധാനമായി ജീവിക്കാനും സംരംഭങ്ങൾ തുടങ്ങാനുമുള്ള സാഹചര്യം ഒരുക്കണം.
ഇയാളെപ്പോലെ തന്നെ സമൂഹത്തിൽ മാന്യൻ ചമഞ്ഞ് തട്ടിപ്പു നടത്തുന്ന ഇയാളുടെ കൂട്ടാളികളുടെയും മുഖമൂടികൾ വരും ദിവസങ്ങളിൽ തുറന്നു കാണിക്കുക തന്നെ ഞങ്ങൾ ചെയ്യും.